Posts

മാനസാന്തരം

 മാനസാന്തരം എൻ്റെ മനസ്സിനോട് പൊരുതി തളർന്ന ഉച്ചവെയിൽ പതിയെ താണു തുടങ്ങി. ഇനി പതുക്കെ അന്ധകാരം വന്നു നിറയാൻ തുടങ്ങും. ഉള്ളും പുറവും ഒരു പോലെ! പാടില്ല. എനിക്ക് വെളിച്ചം വേണം. മനസ് വല്ലാതെ വാശി പിടിക്കുന്നു. കുറച്ചു ദിവസമായി അകാരണമായ ഒരാവലാതിയുടെ ചുഴിയിലാണ് ഞാൻ. അകാരണമെന്ന് പറഞ്ഞാൽ ശുദ്ധനുണ! കാരണങ്ങൾ കൈവിരലുകൾക്കപ്പുറം നീണ്ടു കിടക്കുന്നു. ചുരുങ്ങിയ റബർ ബാൻ്റ് കഷണം പോലെ വീണു കിടന്ന ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വീർപ്പുമുട്ടുന്നു. വീർപ്പുമുട്ടലുകളിൽ ചിലതിനെ വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളായി നിരത്താൻ ശീലിച്ചതാണ്. എന്നാൽ ഇന്ന് ..... മടുപ്പാണ്. എല്ലാറ്റിനോടും! ഉള്ളിൽക്കിടന്ന് കലപില കൂട്ടിയ കാവ്യശകലങ്ങളെ കണ്ണുരുട്ടി ഭയപ്പെടുത്തി ഓടിച്ച് ഗൗരവത്തിൻ്റെ പാകമാകാത്ത മുഖംമൂടിയുമണിഞ്ഞ്.... ഇനിയുമെത്ര നാൾ??... പടർന്നു പിടിച്ച മഹാമാരിയ്ക്കിടയിലൂടെ മുഖം മറച്ച് കർമ്മ മണ്ഡലം തേടിയിറങ്ങിയ പകലുകൾ! ഭയാനകമായി നിറയുന്ന മൂകതയിൽ നിന്നും ഇടയ്ക്കിടെ ചുറ്റിലും ഉയർന്ന നിലവിളികൾ സപ്തനാഡികളെയും തളർത്തി. അവ അന്നത്തിനൊ മരുന്നിനോ ആയിരുന്നില്ല. വിടരാൻ തുടങ്ങിയ മൊട്ടുകളുടെ മാനത്തിനും ജീവനും വേണ്ടിയായി
 തലേന്നാൾ മാറി നിന്ന ഉറക്കം ബസിൻ്റെ സൈഡ് ഗ്ലാസിലൂടെ എന്നെ അന്വേഷിച്ചു വന്നു. കനം വച്ച കൺപോളകൾ അടച്ച് ബസിനകത്തെ പഴയ മെലഡി ഗാനത്തിൻ്റെ ഈരടികളിൽ ലയിച്ചു. 'വീടിനു മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ സംഹാരമൂർത്തിയെപ്പോലെ അമ്മ! കയ്യിലെ കറിക്കത്തിയിലെ രക്തം ഇറ്റു വീണു കൊണ്ടിരുന്നു.' തലയിൽ ഒരു ഇരുമ്പു കൂടം കൊണ്ടടി കിട്ടിയ പോലൊരാഘാതത്തിൽ ഞാൻ ഞെട്ടി വിറച്ചു കണ്ണുകൾ തുറന്നു. ബസിലെ കമ്പിയിൽ തൂങ്ങി സീറ്റിലേക്ക് ചാഞ്ഞു നിൽക്കുന്ന പല വർണ്ണകുപ്പായക്കാരെ തിരിച്ചറിയാൻ കണ്ണുകൾ ഒന്നു രണ്ടു നിമിഷമെടുത്തു.   'ഈശ്വരാ ഈ പകൽ ഞാനെന്തിനാ ഇങ്ങനെയൊരു സ്വപ്നം കണ്ടത്?' വല്ലാത്തൊരു ഭീതി എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഒരു പക്ഷേ, ഭ്രാന്തു മൂത്ത ആരെങ്കിലും..... ഉള്ളിൻ്റെ ഉള്ളിലെ അരക്ഷിതത്വബോധം എന്നെ ചിന്തകളുടെ വലയിൽ കുരുക്കിയിട്ടു. എനിക്കിറങ്ങേണ്ട സ്റ്റോപ്പടുത്തിട്ടും ഞാൻ സീറ്റിൽ ചടഞ്ഞിരിക്കുന്നത് കണ്ട് ദേഷ്യം വന്ന കണ്ടക്ടറുടെ ചീത്ത വിളിക്കു പിന്നാലെ വിറയാർന്ന പാദങ്ങളോടെ ഞാൻ ഇറങ്ങി.  അരമണിക്കൂർ നീട്ടി വലിച്ചു നടന്നാൽ വീട്ടിലെത്താം. നേരത്തെ കണ്ട സ്വപ്നത്തിൻ്റെ ഓർമ്മയിൽ ഞാൻ തറഞ്ഞു നിന്നു.  ഓട്ടോസ്റ്റാൻഡിൽ ഓട്ട

ബലിയാടുകൾ

 ബലിയാടുകൾ പകലിൻ്റെ വെളിച്ചം അണഞ്ഞു തുടങ്ങിയതിനൊപ്പം പൊടിഞ്ഞു തുടങ്ങിയ വിയർപ്പു കണങ്ങൾ കുഞ്ഞു വിരലുകളാൽ മായ്ക്കാൻ ശ്രമിച്ചു കൊണ്ട് ശ്രീക്കുട്ടി അനന്യയുടെ കൈയിൽ മുറുകെ പിടിച്ചു. അതിൻ്റെ അർത്ഥം മനസിലായിട്ടെന്നവണ്ണം അനന്യ കയിലുണ്ടായിരുന്ന പന്ത് താഴെയിട്ടു. കുഞ്ഞനിയത്തിയെയും ചേർത്ത് പിടിച്ച് വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തെ പതിവു കളി കഴിഞ്ഞ് കുട്ടികളെല്ലാം പിരിഞ്ഞു പോയ്ക്കഴിഞ്ഞിരുന്നു.  "അമ്മേ.... വിശക്കുന്നു... " മുറ്റത്തു നിന്നു തന്നെ ശ്രീക്കുട്ടി വിളിച്ചു പറഞ്ഞു. പതിവു ശകാരങ്ങളുമായി അമ്മയുടെ തല വാതിൽക്കൽ പ്രത്യക്ഷപ്പെടാതിരുന്നതിനാൽ രണ്ടു പേരും നേരെ അടുക്കളയിലേക്കോടി. അകമുറികളിൽ ചില ബന്ധുക്കൾ കൂടിയിരിക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല. വല്ലാത്തൊരു ഭയം പത്തു വയസുകാരിയായ  അനന്യയെ കീഴടക്കാൻ തുടങ്ങി. അടുക്കളയിലെ പാത്രങ്ങളെല്ലാം കാലിയാണ്. ഉച്ചയൂണ് കഴിഞ്ഞ് താൻ ശ്രീക്കുട്ടിയേയും കൂട്ടി കളിസ്ഥലത്തേക്ക് പോകുമ്പോഴുള്ള വീട്ടിലേക്കല്ല താൻ തിരിച്ചു വന്നതെന്നവൾക്കു തോന്നി. വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. ഒരു പാട് പേർ വീടിനകത്തുണ്ടെങ്കിലും ആരും ഒന്നും ചോദിക്കുന്നില്ല. തങ്ങളെ തുറിച്ച് നോക്

അതിജീവനം

 അതിജീവനം ============      മുറ്റത്തിൻ്റെ വടക്കേ മൂലയിൽ തലയുയർത്തി നിന്ന മൂവാണ്ടൻ മാവിൻ്റെ കടയ്ക്കൽ മൂളിത്തുടങ്ങിയ യന്ത്ര വാളുകൾ, രാമൻ പെരുവണ്ണാൻ്റെ ഹൃദയത്തെ കീറി മുറിക്കാൻ തുടങ്ങിയതോടെ അയാൾ ഉമ്മറത്തെ ചാരുകസേരയിലേക്ക്  ചാഞ്ഞു. മറ്റൊരു നിവൃത്തിയുമില്ലാത്തത്  കൊണ്ടാണ്  ഈ പാതകത്തിനു തുനിഞ്ഞത്. പലിശക്കാശിനായി യതീന്ദ്രൻ ഇന്ന് രാവിലെയും അയാളെത്തേടി എത്തിയതാണ് !  'ഇങ്ങനെ ഇനി എത്ര നാൾ? കഴിഞ്ഞ രണ്ടു പ്രളയങ്ങൾ അതിജീവിച്ചതല്ലേ, അതു പോലെ... ഇതും....'  അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പെരുവണ്ണാൻ്റെ  നിശ്വാസത്തിൻ്റെ മാറ്റൊലികൾ പടിഞ്ഞാറ്റയിലുറക്കം നടിച്ച കാൽച്ചിലമ്പുകളുമേറ്റെടുത്തു! പാതി വരച്ചൊരു ചിത്രവും പേറി അകത്ത് നിന്നും പറന്നു വന്ന വെളുത്ത കടലാസ് അയാളുടെ മുന്നിൽ വീണതും; വെപ്രാളപ്പെട്ട് അതുമായി അയാൾ അകത്തേക്ക് കയറി. പ്രസവത്തിൻ്റെ തലേന്നാൾ വരെ തൻ്റെ ദേവകി, കശുവണ്ടിത്തോട്ടത്തിലെ ചാറ്റൽ നനഞ്ഞതിൻ്റെ ഓർമ്മയായി, ചുമരുകൾക്കുള്ളിലൊതുങ്ങിയ മൂത്ത മകൻ നീട്ടിയ സ്വാധീനമുള്ള വലതു കൈയിലേക്ക് കടലാസ് വച്ചു കൊടുത്തു. കോലധാരിയുടെ മുഖത്തെഴുതുന്ന സൂക്ഷ്മതയോടെ കടലാസിൽ മാത്രം അവൻ വർണ്ണങ്ങൾ നിറയ്ക്കാൻ തുടങ്ങി.

മാറ്റം

 മിനിക്കഥ: മാറ്റം * * * * * * * * * * അന്നത്തിനു വക കണ്ടെത്താനൊരു മാർഗ്ഗവുമായി വന്ന പോസ്റ്റ്മാൻ തിരിച്ചു പോയപ്പോഴാണ് അച്ഛൻ്റെ അപകട വിവരമറിഞ്ഞത്. സന്തോഷവും സങ്കടവും ഒന്നിച്ചെത്തി മനസിനായി പിടിവലി നടത്തിയപ്പോൾ, തളർന്നു കിടന്ന അച്ഛൻ തന്നെയാണ് ബാംഗ്ലൂരിലേക്ക് പറഞ്ഞ് വിട്ടത്. പതം പറഞ്ഞ് കരഞ്ഞ അമ്മയുടെ കൈകളിലേക്ക് സ്മാർട്ട് ഫോൺ വച്ച് കൊടുത്തപ്പോൾ, മുറിയുടെ മൂലയിലെ ലാൻഡ് ഫോൺ ഉറക്കം മതിയാവാതെ ഒന്നുകൂടി ചുരുണ്ടു കൂടി. ജോലിത്തിരക്കുകൾക്കിടയിൽ വീണു കിട്ടിയ ആദ്യ അവധി ദിനം വീഡിയോ കോളിലൂടെ വീട്ടിലേക്കൊന്നു പോയി വന്നു.  കട്ടിലിൽ തളർന്നു കിടക്കുന്ന അച്ഛൻ ഒന്നു കൂടി ക്ഷീണിച്ചിട്ടുണ്ട്.  അമ്മയുടെ നരച്ച സാരികൾ നിറം വെച്ചിട്ടുണ്ട്.  രണ്ടാമത്തെ ആഴ്ചയും അവധിക്കായി കാത്തിരുന്നു.  അച്ഛൻ്റെ വിളറിയ മുഖത്തിനരികിൽ കാലത്തെ തോൽപ്പിച്ച അമ്മയും !  അടുത്ത അവധിക്കു മുമ്പേയാണ് മൊബൈലിൽ നോട്ടിഫിക്കേഷൻ തെളിഞ്ഞത്.  അമ്മ ഫെയ്സ് ബുക്കിലും!  മനോഹര വർണ്ണങ്ങൾ ചാലിച്ചെഴുതിയ പോസ്റ്റ് അവനെ നോക്കി പല്ലിളിച്ചു. "ഹോം നഴ്സിനെ ആവശ്യമുണ്ട് " - അനിത മഗേഷ്

ഗുരുദക്ഷിണ

 കഥ: ഗുരുദക്ഷിണ ============== അമൃതം ക്വാർട്ടേഴ്സിൻ്റെ മുകളിലേക്കുള്ള ഒതുക്കുകൾ കയറുമ്പോഴാണ് പിറകിൽ നിന്നും ഒരു വിളി. "മാഷേ" ഗംഗാധരൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി. എട്ടു വർഷമായി കേൾക്കാതി രുന്ന വിളി.... ഇവിടെയും.. ധൃതിയിൽ തിരിച്ചിറങ്ങി അയാൾ തെല്ലൊരു ഭയത്തോടെ, വലിയ ബാഗും താങ്ങിപ്പിടിച്ച് പാറിപ്പറന്ന മുടിയിഴകളും മുഖം പാതിയും നിറച്ച താടിരോമങ്ങളുമുള്ള ആഗതൻ്റെ മുഖം ഓർമ്മകളിൽ പരതി. "ആരാ... " ഗംഗാധരൻ്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്ന സ്വരം പുറത്തു ചാടിയതും ആ ചെറുപ്പക്കാരൻ അയാളുടെ കാൽക്കീഴിലേക്ക് വീണതും ഒരുമിച്ചായിരുന്നു. "മാഷേ..... മാപ്പ്... മാപ്പ്..." തൻ്റെ കാലുകളിൽ പടർന്ന കണ്ണീർ തുള്ളികൾ ഹൃദയത്തിലെവിടെയോ കൊളുത്തിയ വേദനയോടെ അയാൾ ചെറുപ്പക്കാരനെ പിടിച്ചുയർത്തി, ആരെങ്കിലും കാണുന്നുണ്ടോ എന്ന വേവലാതിയോടെ ചുറ്റും നോക്കി. "മാഷേ..... ഞാനാ സൂരജ്.." അടുത്ത നിമിഷം സൂരജിൻ്റെ കൈകളിൽ ബലമായി പിടിച്ച് പരമാവധി വേഗത്തിൽ പടിക്കെട്ടുകൾ കയറി. മുറിയിലെത്തി വാതിൽ കുറ്റിയിട്ടപ്പോഴാണ്  അയാൾക്ക് ശ്വാസം നേരെ വീണത്. "നീയെന്താ ... ഇവിടെ ?" അയാളുടെ ഉള്ളിലെ ഗംഗാധരൻ മാഷ് ഉണർന്നു. &q

തലേലെഴുത്ത്

 മിനിക്കഥ: തലേലെഴുത്ത് ==================== താൻ തോറ്റു പോകുമെന്ന ആശങ്കയിലാണത്രെ ദൈവം, ഇത്തിരി ക്കുഞ്ഞൻ വൈറസിൻ്റെ സഹായത്തോടെ പല തലേലെഴുത്തുകളിലും വെട്ടിത്തിരുത്തലുകൾ നടത്തിയത്!  വജ്രായുധ പ്രയോഗത്തിൽ നിശ്ചലരായ മനുഷ്യർ, വൈറസുകളെ കുടഞ്ഞെറിയാനായി പൂർവ്വാധികം കരുത്തോടെ ഉണർന്നെണീറ്റപ്പോഴേക്കും ഭൂമി തൻ്റെ പച്ച വിരിപ്പ് വീണ്ടെടുത്തിരുന്നു.  മനുഷ്യ മനസിലെ വിഷമത്രയും മായ്ച്ചുകളഞ്ഞൊരഹങ്കാരത്താൽ, ദൈവം എഴുത്ത് നിർത്താനൊരുങ്ങിയപ്പോഴാണ് ആംബുലൻസിനകത്തു നിന്നും പ്രാണനു വേണ്ടിയുള്ള കരച്ചിലിൻ്റെ സ്വരം മാറുന്നതറിഞ്ഞത്.   'അകലം പാലിച്ചവൻ' അവളുടെ മാനം കവർന്നെടുത്ത കാഴ്ചയിൽ ദൈവം തൻ്റെ പേന സ്വന്തം തലയിലേക്ക് നീട്ടി!!! -അനിത മഗേഷ്